പത്തനംതിട്ട: അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് അന്നും ഇന്നും സിപിഎം എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അതിലൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വേദനയും പ്രയാസവും അഭിമുഖീകരിക്കുന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി. അത് പത്തനംതിട്ടയിലെ പാര്‍ട്ടിയായാലും, കണ്ണൂരിലെ പാര്‍ട്ടിയായാലും, കേരളത്തിലെ പാര്‍ട്ടിയായാലും എല്ലാം അവര്‍ക്കൊപ്പം തന്നെയെന്ന് അദ്ദേഹം വ്യക്തമാക്കി.
നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന്‍ ബാബുവിന്റെ അപ്രതീക്ഷിത മരണം കുടുംബാഗങ്ങളെ മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും സങ്കടത്തിലാഴ്ത്തിയ സംഭവമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
നവീന്‍ ബാബുവിന്റെ ഭാര്യയും മക്കളുമായി സംസാരിച്ചു. തങ്ങള്‍ക്ക് സര്‍വസ്വവും നഷ്ടപ്പെട്ടിരിക്കുകയാണെന്നും നിയമപരമായ പരിരക്ഷ കിട്ടണമെന്നും ഉത്തരവാദപ്പെട്ട ആരാണോ അവരെ ശിക്ഷിക്കണമെന്നും കുടുംബം പറഞ്ഞുവെന്നും ഗോവിന്ദന്‍ പറഞ്ഞു.