ബസ് അപകടകരമായി ഓടിച്ചു; ചോദ്യം ചെയ്ത യാത്രക്കാരനെ മര്‍ദ്ദിച്ച് ഇറക്കിവിട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍, പരാതി

മലപ്പുറം: കെഎസ്ആര്‍ടിസി ബസ് അപകടകരമായി ഓടിച്ചത് ചോദ്യം ചെയ്ത യാത്രക്കാരനെ ഡ്രൈവര്‍ മര്‍ദ്ദിക്കുകയും പെരുവഴിയില്‍ ഇറക്കിവിട്ടതായും പരാതി. പത്തനംതിട്ടയില്‍ നിന്ന് വയനാട്ടിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ബസ് അരീക്കോട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബസ് ഡ്രൈവറുടെ സുഹൃത്തും ഇതേ ബസിലെ യാത്രക്കാരനുമായ മറ്റൊരു കെ.എസ്.ആര്‍.ടി.സി ഡ്രൈവറാണ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. ഇയാളുടെ ബാഗില്‍ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തതായും വിവരമുണ്ട്.

മോശം ഡ്രൈവിംഗ് കാരണം തലയും മറ്റും ബസില്‍ ഇടിച്ചതോടെയാണ് യാത്രക്കാരന്‍ ചോദ്യം ചെയ്തത്. ഇയാളെ മര്‍ദ്ദിച്ച് ഇറക്കിവിട്ട ശേഷവും മോശം ഡ്രൈവിങ് തുടര്‍ന്നു. അപ്പോഴും യാത്രക്കാര്‍ പരാതി ഉന്നയിച്ചു. ഡ്രൈവര്‍ തെറിവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി യാത്രക്കാര്‍ ആരോപിച്ചു.

പിന്നീട് യാത്രക്കാര്‍ തന്നെ പോലീസില്‍ അറിയിക്കുകയും അരീക്കോട് സ്റ്റേഷനില്‍ വണ്ടി പിടിച്ചിടികയും ചെയ്തു. ബസിലെ യാത്രക്കാര്‍ക്ക് ഒരുമണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ നില്‍ക്കേണ്ടി വന്നു. ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചതോടെ പൊലീസ് പരിശോധനക്ക് ശേഷം ഇതേ ബസില്‍ യാത്രക്കാര്‍ യാത്ര തുടര്‍ന്നു.

Exit mobile version