രണ്ട് ദിവസം മുന്‍പ് വാങ്ങിയ ബൈക്കില്‍ യാത്ര ചെയ്യവെ അപകടം, യുവാക്കള്‍ക്ക് ദാരുണാന്ത്യം

accident|bignewslive

കൊല്ലം: വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ കാക്കത്തോപ്പില്‍ ക്ലാവര്‍ മുക്കിലാണ് സംഭവം. പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീണ്‍ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 11:30 നാണ് അപകടം ഉണ്ടായത്. രണ്ട് ദിവസം മുന്‍പ് പുതുതായി വാങ്ങിച്ച ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഇരവിപുരം ചാനക്കഴികത്ത് പോയി മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്.

റോഡിലുള്ള കുഴിയില്‍ വാഹനം വീണതാണ് അപകടമുണ്ടാകാന്‍ കാരണം. എന്നാല്‍ ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് നാട്ടുകാര്‍ സംശയം പറയുന്നത്.

അപകടം നടന്ന സ്ഥലത്ത് നിന്നും മൂന്നു ജോഡി ചെരുപ്പും, മറ്റൊരു വാഹനത്തിന്റേത് എന്ന് സംശയിക്കുന്ന ഒരു ഫൂട്ട് റെസ്റ്റും കണ്ടെത്തിയിട്ടുണ്ട്. ഇരുവരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു.

പ്ലംബിങ് തൊഴിലാളികളായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടുപേരുടെയും സംസ്‌കാരം നാളെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Exit mobile version