കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി. തലശേരി പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയത്.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഹര്‍ജി കോടതി നാളെ പരിഗണിക്കും. കേസില്‍ അറസ്റ്റിനുള്ള സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി.
തനിക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയത് ദിവ്യ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത് കണ്ണൂര്‍ കലക്ടറാണെന്നും കലക്ടറേറ്റില്‍ മറ്റൊരു പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ് കലക്ടര്‍ ഈ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.
അവിടെയെത്തിയപ്പോള്‍ തന്നെ സംസാരിക്കാനായി ക്ഷണിച്ചത് കലക്ടറാണ്. തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. അത് സദുദ്ദേശ്യത്തോടെയായിരുന്നുവെന്നും ഏതെങ്കിലും തരത്തില്‍ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഒരു പ്രേരണയും തന്റെ സംസാരത്തില്‍ ഉണ്ടായിരുന്നില്ലെന്നും ദിവ്യ ഹര്‍ജിയില്‍ പറയുന്നു.
Discussion about this post