കൊച്ചി: കേരളത്തിന് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ .വയനാടിന് ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസമില്ലെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു.
വയനാടിനായി പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം വേണമെന്നും കേരള സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രം.
വയനാടിന് ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസമില്ലെന്നും മറിച്ച് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പിഎം റിലീഫ് ഫണ്ട് വയനാട് ജില്ലാ കലക്ടര്‍ വഴി നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
വിവിധ ഘട്ടങ്ങളിലായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ, 782 കോടി രൂപ ദുരന്തങ്ങള്‍ നേരിടാനായി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് എവിടെയെല്ലാം കേന്ദ്രഫണ്ട് ഉപയോഗിച്ചു എന്നറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.