ഉളിക്കല്‍: വന്‍ നിധിശേഖരം കണ്ടെത്തിയെന്ന വ്യാജസന്ദേശം പ്രദേശവാസികളെയും പോലീസിനെയും വട്ടംകറക്കി. നുച്യാട് പാലത്തിന് സമീപമാണ് ഞെട്ടിക്കുന്ന തരത്തില്‍ നിധിശേഖരം കണ്ടെത്തിയതായി പ്രചരണം നടന്നത്. ഒരു യുവാവ് ചെയ്ത കുസൃതിയിലാണ് പോലീസ് പോലും തോറ്റ് തൊപ്പിയിട്ടത്.
പുഴക്കരയില്‍ നിന്ന് ചിലര്‍ നിധി കുഴിച്ചെടുക്കുന്നതിന്റെയും നിധി നിക്ഷേപം എന്ന പേരില്‍ വലിയ ഭരണിയും കൈനിറയെ സ്വര്‍ണനാണയവുമായി നില്‍ക്കുന്നതിന്റെയും ചിത്രങ്ങളും സന്ദേശത്തോടൊപ്പം ചേര്‍ത്തിരുന്നു. നിമിഷങ്ങള്‍ക്കകം നൂറുകണക്കിന് ഗ്രൂപ്പുകളിലേക്ക് സന്ദേശം കൈമാറപ്പെട്ടു. ചിലര്‍ വാഹനത്തില്‍ നുച്യാട് പാലത്തിന് സമീപം നിധിശേഖരം കാണാനെത്തി ഇളിഭ്യരായി മടങ്ങുകയും ചെയ്തു. മറ്റു ചിലര്‍ പോലീസ് സ്റ്റേഷനിലും അന്വേഷിച്ചെത്തി. സംഗതി പന്തിയല്ലെന്ന് കണ്ട പോലീസ് നിധി സന്ദേശത്തിന്റെ ഉറവിടം തേടിയിറങ്ങുകയായിരുന്നു.
അവസാനം നുച്യാട് സ്വദേശിയായ യുവാവാണ് വ്യാജസന്ദേശത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. എവിടെ നിന്നൊക്കെയോ കിട്ടിയ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് അടിക്കുറിപ്പും തയാറാക്കി തമാശയ്ക്ക് ഇട്ട പോസ്റ്റാണെന്നായിരുന്നു യുവാവിന്റെ മറുപടി. ഇയാളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു താക്കീത് ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു. സത്യാവസ്ഥ അറിയാതെ പലരും ഇപ്പോഴും സന്ദേശങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുകയാണ്.
Discussion about this post