ശക്തമായ തിരയില്‍പ്പെട്ട് മത്സ്യബന്ധന ബോട്ട് മറിഞ്ഞു, ഒരാള്‍ മരിച്ചു, 35 പേര്‍ നീന്തി രക്ഷപ്പെട്ടു, ഒരാളെ കാണാനില്ല

boat accident|bignewslive

കാസര്‍കോട്: മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാസര്‍കോട് ജില്ലയിലെ നീലേശ്വരം അഴിത്തലയിലാണ് സംഭവം. ഒരാളെ കടലില്‍ കാണാതായി. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു.

പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ ആണ് മരിച്ചത്. അമ്പത്തിയെട്ട് വയസ്സായിരുന്നു. മുനീര്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടതായാണ് വിവരം. രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവര്‍ത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്‌നാട് സ്വദേശികളുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തികയറിയവരെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ഒമ്പതുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ശക്തമായ തിരയില്‍പ്പെട്ടാണ് ബോട്ട് മറിഞ്ഞത്.

Exit mobile version