തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ത്ഥികള്‍. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു.
നവംബര്‍ 13 നാണ് മൂന്ന് സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുക. നവംബര്‍ 23 ന് ഫലം പ്രഖ്യാപിക്കും. മത്സരിക്കുന്നവര്‍ക്ക് ഈ വെള്ളിയാഴ്ച മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാമെന്നാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചത്. പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്.
സൂക്ഷ്മ പരിശോധന 28ന് നടക്കും. പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ 30 ആണ്. ഇതിനു ശേഷം ആകെ 12 ദിവസമാണ് പ്രചാരണത്തിനായി ലഭിക്കുക. ഝാര്‍ഖണ്ടിലെ ആദ്യ ഘട്ട വോട്ടെടുപ്പിനൊപ്പമാണ് കേരളം അടക്കുമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post