കൊച്ചി: കാഴ്ച പരിമിതർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബൽ ഇൻഫോപാർക്കിൽ വൈറ്റ് കെയ്ൻ ദിനം ആഘോഷിച്ചു.
കാഴ്ച്ചയില്ലാത്തവരുടെ സഞ്ചാര സഹായിയാണ് വൈറ്റ് കെയ്ൻ. കണ്ണുകൾ കെട്ടി വൈറ്റ് കെയിനിൻ്റെ സഹായത്തോടെ
റാലി നടത്തിയാണ് റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബൽ അംഗങ്ങൾ സന്ദേശവാഹകരായത് .
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുന്ദരവടിവേലു, മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെൻ്റ് അഥോറിറ്റി (എം.പി.ഇ.ഡി.എ) ചെയർമാൻ ഡി.വി. സ്വാമി ഐഎഎസ്; ഡോ.സൂര്യ തങ്കപ്പൻ ഐ.പി.എസ്, റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റൻ്റ് ഗവർണർ ജെ.ജെ.തോമസ്, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡൻറ് ഡോ.സുജിത് ജോസ്, നടൻ സുധീർ സുകുമാരൻ എന്നിവർ റാലി നയിച്ചു.
അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണം, കാഴ്ചശക്തി നഷ്ടപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിൻ്റെയും, നിശ്ചയദാർഢ്യത്തിൻ്റെയും വിളംബരം കൂടിയാണെന്ന് റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡൻ്റ് ഡോ. സുജിത് ജോസ് പറഞ്ഞു.
റോട്ടറി ക്ലബ് ഓഫ് ഗ്ലോബൽ ഫൗണ്ടേഷൻ്റെ ‘പ്രോജക്ട് സൂര്യ’, കഴിഞ്ഞ 18 വർഷമായി കാഴ്ച പരിമിതരുടെ ശാക്തീകരണത്തിനായി
പ്രവർത്തിക്കുന്നുണ്ട്. കമ്പ്യൂട്ടർ വിദ്യാഭ്യാസം, തനിയെയുള്ള യാത്രാ പരിശീലനം, ആശയവിനിമയം എന്നിവയിലൂടെ കാഴ്ച്ച പരിമിതർക്ക് തൊഴിലും സ്വയം പര്യാപ്തതയും നേടാനുള്ള പ്രവർത്തനമാണ് സൂര്യ നടത്തുന്നത്. ഇൻഫോപാർക്കിലെ വിസ്മയ ബിൽഡിംഗിലാണ് ഓഫീസ്. ഇനേബിൾ ഇന്ത്യയുടെ സഹകരണവും ഇതിനുണ്ട്.
Discussion about this post