തിരുവനന്തപുരം: നേമം-കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍ വന്നു. കൊച്ചുവേളി ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക.
സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. തിരുവനന്തപുരം സെന്‍ട്രല്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും.
കൊച്ചുവേളിയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവില്‍ ഒരുപാട് ദീര്‍ഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഈ സ്റ്റേഷന്‍ പരിചിതമല്ല. നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെന്‍ട്രല്‍ സ്റ്റേഷനെ തന്നെയാണ്.
തിരുവനന്തപുരം എന്ന പേര് ബ്രാന്‍ഡ് ചെയ്ത് സമീപ സ്റ്റേഷനുകള്‍ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.