കണ്ണൂര്‍: രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നും വിദ്യാര്‍ത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്രസകള്‍ പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ് മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇത്തരമൊരു തീരുമാനം പിന്‍വലിക്കേണ്ടതാണെന്നും കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദേശം പ്രശ്നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളതെന്നും പൊതുവിദ്യാഭ്യാസം പലയിടത്തും മദ്റസകളോടൊപ്പമാണ് മുന്നോട്ട് പോകുന്നതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.