കൊല്ലം: മദ്രസകള്‍ അടച്ചുപൂട്ടുന്നത് അപകടകരമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി.
കുട്ടികള്‍ ആത്മീയ അറിവ് ആദ്യമായി പഠിക്കുന്നത് മദ്രസകളില്‍ നിന്നാണെന്നും മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളില്‍ പഠിപ്പിക്കുന്നതെന്നും ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഖുര്‍ആന്റെ അറിവ് നല്‍കുന്നവയാണ് മദ്രസകളെന്നും മന്ത്രി പറഞ്ഞു.
മദ്രസകളില്‍ പോകുന്നത് മതം പഠിക്കാന്‍ അല്ല ഖുര്‍ആന്‍ പഠിക്കാനാണ്. അല്ലാഹു നല്‍കുന്ന സന്ദേശങ്ങളാണ് മദ്രസകളില്‍ പഠിപ്പിക്കുന്നതെന്നും സണ്‍ഡേ സ്‌കൂളില്‍ പഠിപ്പിക്കുന്നത് ക്രിസ്തുമതം അല്ല ബൈബിള്‍ ആണെന്നും മന്ത്രി പറഞ്ഞു.
എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു.
കൊല്ലത്ത് കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ രാജ്യന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്രസകളുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ദേശീയ ബാലാവകാശ കമ്മീഷന്‍, വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കില്‍ അവയ്ക്ക് ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.