ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, 40കാരന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കുകള്‍ തമ്മില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയിലെ മുക്കം കറുത്തപറമ്പിലാണ് സംഭവം.

വാലില്ലാപ്പുഴ മണ്ണാത്തിപ്പാറ തോട്ടത്തില്‍ ജിന്റോഷ് ആണ് മരിച്ചത്. നാൽപ്പത് വയസ്സായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 5.15 ഓടെ എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് കറുത്ത പറമ്പിലാണ് അപകടമുണ്ടായത്.

അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ അരീക്കോട് നിന്ന് മുക്കം ഭാഗത്തേക്ക് അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പരിക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാരമായി പരിക്കേറ്റ ജിന്റോഷ് ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരിച്ചത്.

Exit mobile version