വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍; പാറക്കെട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി അഗ്‌നിശമന സേന

തൊടുപുഴ: ഇടുക്കിയില്‍ വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ വിനോദ സഞ്ചാരികള്‍ മലവെള്ളപാച്ചില്‍ കുടുങ്ങി. വെള്ളച്ചാട്ടം കണ്ട് പുഴയില്‍ നില്‍ക്കുമ്പോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തിയത്. ഇതോടെ പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദ സഞ്ചാരികള്‍ ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തില്‍ ഒറ്റപ്പെടുകയായിരുന്നു.

വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കനത്ത മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പാറക്കെട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ അഗ്‌നിശമന സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള എറണാകുളം സ്വദേശികളായ 15 സഞ്ചാരികളെയാണ് അഗ്‌നി രക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തിയത്.

പാറക്കെട്ടില്‍ കുടുങ്ങിയവരുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും പുഴയിലെ ഒഴുക്ക് കുറയാത്തതിനാല്‍ ഇവര്‍ക്ക് മറുകരയിലെത്താനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. വൈകിട്ട് ആറ് മണിയോടെ തൊടുപുഴയില്‍ നിന്ന് അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി. തുടര്‍ന്ന് വഴുക്കലുളള പാറയിലൂടെ വടം കെട്ടി അഗ്നിരക്ഷാസേന സഞ്ചാരികളുടെ അടുക്കലെത്തി. സംഭവമറിഞ്ഞ് കാളിയാറില്‍ നിന്ന് പൊലീസും സ്ഥലത്തെത്തിയിരുന്നു. അഗ്നിരക്ഷാ ഓഫീസര്‍ പി. ബിജു, കാളിയാര്‍ എസ്.ഐ സിയാദ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു രക്ഷപ്രവര്‍ത്തനം.

Exit mobile version