തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം നിലനില്‍ക്കുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുക.
വിവിധ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിലെ ശക്തി കൂടി ന്യൂനമര്‍ദ്ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചാരിച്ച് ഞായറാഴ്ച രാവിലെയോടെ മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
മഹാരാഷ്ട്ര തീരത്തെ മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ തെക്കന്‍ കേരള തീരത്തിനു സമീപം തെക്ക് കിഴക്കന്‍ അറബിക്കടല്‍ വരെ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴിയും നിലക്കൊള്ളുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തായി രൂപപ്പെട്ടിട്ടുണ്ട്.
Discussion about this post