കുരിശുപള്ളി തകര്‍ത്തു, ജീപ്പ് കുത്തിമറിച്ചിട്ടു, മൂന്നാറിലെ ജനവാസമേഖലയില്‍ കാട്ടാന ശല്യം രൂക്ഷം, ഭയന്ന് നാട്ടുകാര്‍

elephant|bignewslive

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസവും കാട്ടാനയുടെ ആക്രമണമുണ്ടായി. ദിവസങ്ങള്‍ പിന്നിടുന്തോറും കാട്ടാനയുടെ ശല്യം കൂടിവരികയാണ്.

ഗൂഡാര്‍വിള എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചു. ലയത്തിലെ ജീവനക്കാരനായ ജയരാജിന്റെ വാഹനമാണ് കാട്ടാന കുത്തിമറിച്ചത്. കാട്ടാന സമീപത്തുണ്ടായിരുന്ന കുരിശുപള്ളിക്കും കേടുപാടുകള്‍ വരുത്തി. കുരിശുപള്ളിയുടെ ചില്ലുകള്‍ കാട്ടാന തകര്‍ത്തു.

ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. വിവിധ എസ്റ്റേറ്റുകളില്‍ ഇപ്പോഴും കാട്ടാനകള്‍ ഇറങ്ങി ആശങ്ക ഉയര്‍ത്തുന്നതായി പ്രദേശവാസികള്‍ പറയുന്നു. വനപാലകരെത്തി പ്രദേശത്ത് നിന്നും കാട്ടാനകളെ തുരത്തിയിരുന്നുവെങ്കിലും വീണ്ടും തിരികെ വരുമോ എന്ന ഭയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

എസ്റ്റേറ്റ് മേഖലകളില്‍ കാട്ടാനകളുടെ ശല്യം വര്‍ധിച്ച് വരുന്നത് തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. ഉടന്‍ തന്നെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version