മുന്നറിയിപ്പില്ലാതെ കറന്റ് പോയി, കെഎസ്ഇബി ഓഫീസിന് മുന്നില്‍ വേറിട്ട പ്രതിഷേധവുമായി മില്ലുടമ

കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനാല്‍ ആട്ടിവെച്ച അരിമാവ് പുളിച്ചെന്ന് ആരോപിച്ച് കെഎസ്ഇബി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച് മില്ലുടമ.

ഇളമ്പള്ളൂര്‍ സ്വദേശി രാജേഷാണ് ഇന്നലെ വൈകിട്ട് കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിന് മുന്നില്‍ മാവില്‍ കുളിച്ച് പ്രതിഷേധിച്ചത്. ദോശ മാവ് പാക്കറ്റുകളിലാക്കി രാജേഷ് വില്‍പന നടത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതല്‍ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതിനാല്‍ വളരെ നേരത്തെ മാവ് ആട്ടി പണി തീര്‍ക്കാന്‍ ശ്രമം തുടങ്ങി.

എന്നാല്‍, യാതൊരു അറിയിപ്പും ഇല്ലാതെ രാവിലെ 9.30 മുതല്‍ വൈദ്യുതി നിലച്ചെന്നും പകുതി ആട്ടിയ മാവ് പുളിച്ച് ഉപയോഗ ശൂന്യമായെന്നും രാജേഷ് പറയുന്നു. തുടര്‍ന്നായിരുന്നു കവറുകളിലാക്കി വില്‍പന നടത്താന്‍ കഴിയാത്ത മാവുമായി രാജേഷിന്റെ വേറിട്ട പ്രതിഷേധം.

കെഎസ്ഇബി ഓഫീസിലേക്ക് ചെമ്പുകളിലാക്കി വെച്ച മാവ് കൊണ്ടുവന്നശേഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനുശേഷമാണ് ഒരു ചെമ്പിലെ മാവ് ദേഹത്ത് ഒഴിച്ചുകൊണ്ട് രാജേഷ് പ്രതിഷേധിച്ചത്.

Exit mobile version