വയനാട്ടില്‍ പലയിടങ്ങളിലും കനത്ത മഴ; മണ്ണിടിച്ചില്‍ സാധ്യത മുന്നറിയിപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ പലയിടങ്ങളിലും മഴ ശക്തമാകുന്നു. രാത്രിയും ജില്ലയില്‍ ശക്തമായ മഴ ഉണ്ടായേക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവരും, വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ വാര്‍ഡ് അംഗം മുതലുള്ള അധികൃതരെ അറിയിക്കണമെന്നും ജില്ല ദുരന്തനിവാരണ സമിതി അറിയിച്ചു.

സുല്‍ത്താന്‍ബത്തേരി കല്ലൂര്‍ തേക്കമ്പറ്റയില്‍ ഇന്നലെ കനത്തെ മഴയെ തുടര്‍ന്ന് മലവെള്ളപാച്ചിലുണ്ടായിരുന്നു. ഇന്നും വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുന്നതായാണ് വിവരം.

ഉച്ച വരെ ഏറെക്കുറെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും മൂന്നുമണിയോടെ ആകാശം മേഘാവൃതമായി. കുറഞ്ഞ നേരമാണെങ്കിലും ശക്തമായ പെയ്ത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വെള്ളക്കെട്ട് രൂപപ്പെടുകയാണ്.

ഇന്നലെ ബത്തേരി നഗരത്തില്‍ കനത്ത് പെയ്ത മഴയില്‍ ഗതാഗതം അടക്കം താറുമാറായി. അതിനിടെ ജില്ലയില്‍ യെല്ലോ അലര്‍ട്ടായിരുന്നത് ഓറഞ്ചിലേക്ക് മാറ്റി. നാല് മണിക്ക് ശേഷമാണ് ഓറഞ്ച് അലര്‍ട്ടിലേക്ക് മാറ്റിയത്.

Exit mobile version