കൊച്ചി: ലഹരിക്കേസില്‍ അന്വേഷണം സിനിമാതാരങ്ങളിലേക്കും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങള്‍ എത്തിയതായി പൊലീസ് കണ്ടെത്തി.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ കഴിഞ്ഞ ദിവസം നടന് ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നതയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരെ കൂടാതെ ഇരുപതോളം പേര് മുറിയില്‍ എത്തിയിട്ടുണ്ട്.
ഇവിടെ വച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതായും പൊലീസ് പറയുന്നു. ഇന്നലെ കൊച്ചിയില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ വിദേശത്തുനിന്ന് ഉള്‍പ്പടെ ലഹരി വസ്തുക്കള്‍ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓം പ്രകാശിനെ കുറെനാളായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇയാള്‍ മറ്റ് പല കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ദിവസം പതിനൊന്നുമണിയോടെയാണ് ഓംപ്രകാശിനെ മരട് പൊലീസ് പിടികൂടിയത്. കേസില്‍ ഒന്നാം പ്രതി ഷിയാസിനും ഓം പ്രകാശിനും കോടതി ജാമ്യം അനുവദിച്ചിരുന്നു.
Discussion about this post