കൊച്ചി: പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. എറണാകുളത്താണ് സംഭവം. വടുതല പൂതാംമ്പിള്ളി വീട്ടില്‍ പരേതനായ പി ജെ അലക്സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകന് അലന് അലക്സാണ്ടറാണ് മരിച്ചത്.
ഇരുപത്തിയേഴ് വയസ്സായിരുന്നു. ജോലിക്കിടെയായിരുന്നു അപകടം സംഭവിച്ചത്. വടുതല ജോണ്സണ് ബൈന്‍ഡേഴ്സ് എന്ന സ്ഥാപനത്തിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്.
ക്രിസ്മസ് നക്ഷത്രങ്ങളുടെ നിര്‍മാണത്തിനിടെ പഞ്ചിങ് മെഷീനില്‍ കുടുങ്ങിയ കടലാസ് എടുക്കാന്‍ ശ്രമിക്കവേ അലന്റെ കൈ മെഷിനില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ അലന് മെഷീനുള്ളിലേക്കു ശക്തിയോടെ വലിച്ചെടുക്കപ്പെട്ടു. പിന്നാലെ ശരീരം യന്ത്രത്തിനുള്ളില്പ്പെടുകയായിരുന്നു.
ശരീരത്തിന്റെ മുകള്ഭാഗം പൂര്‍ണമായും ഞെരിഞ്ഞമര്‍ന്നു. ഹൃദയമടക്കമുള്ള ആന്തരികാവയവങ്ങള്‍ ചതഞ്ഞും വാരിയെല്ലുകള്‍ നുറുങ്ങിയുമായിരുന്നു മരണം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകീട്ട് 5.30ന് ആയിരുന്നു അപകടം സംഭവിച്ചത്.
Discussion about this post