കോഴിക്കോട്: പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ യുവാവിന്റെ ആക്രമണം. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് സംഭവം. ചുങ്കത്തെ ഡ്യൂസ് ആന്റ് കമ്പനി എന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പിലെ ജീവനക്കാരനാണ് ആക്രമണത്തിന് ഇരയായത്.
ഇന്നലെ രാത്രി 11.45ഓടെയാണ് അക്രമം അരങ്ങേറിയത്. ആടിവാരം സ്വദേശി ടിറ്റോ, തച്ചംപൊയിൽ സ്വദേശി അഭിഷേക് എന്നിവർക്കാണ് പരിക്കേറ്റത്. കെടവൂർ സ്വദേശി യുനീഷ് ആണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.ജീപ്പുമായി ഇന്ധനം നിറക്കാനെത്തിയതായിരുന്നു യുവാവ്. തന്റെ കൈയിൽ 100 രൂപയേ ഉള്ളുവെന്നും ആ തുകയ്ക്ക് ഡീസൽ അടിക്കാനും നിർദ്ദേശിച്ചു.
അതിനിടെ ഇന്ധനം നിറച്ച ശേഷം ജീവനക്കാരൻ ടിറ്റോ ഗൂഗിൾ പേ മെഷീനിൽ തുക 100നു പകരം 1000 എന്നു തെറ്റായി അടിച്ചു. തനിക്ക് അബദ്ധം പറ്റിയെന്നും തിരുത്താമെന്നും ജീവനക്കാരൻ പറഞ്ഞുവെങ്കിലും പറ്റിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞ് യുവാവ് തട്ടിക്കേറുകയായിരുന്നു.
പിന്നാലെ യുവാവ് ജീപ്പിൽ നിന്നു ഇറങ്ങി ടിറ്റോയെ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് അഭിഷേകിനും മർദ്ദനമേറ്റത്.
Discussion about this post