എംടിയുടെ വീട്ടിലെ മോഷണം; 2 പേർ കസ്റ്റഡിയിൽ

കോഴിക്കോട്: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ നടക്കാവിലെ വീട്ടിലെ മോഷണത്തില്‍ രണ്ടു പേരെ നടക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവരാണ് കസ്റ്റഡിയില്‍ എടുത്തത്.

ഇവരെ നടക്കാവ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. 26 പവന്റെ സ്വര്‍ണഭരണങ്ങളാണ് എംടിയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ആഴ്ച മോഷണം പോയത്.

കൊട്ടാരം റോഡിലുള്ള വീട്ടില്‍ നിന്നാണ് സ്വര്‍ണമുള്‍പ്പെടെ കളവ് പോയത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സെപ്റ്റംബര്‍ 22നും 30നും ഇടയില്‍ മോഷണം നടന്നുവെന്നാണ് സംശയം. സ്വര്‍ണം ബാങ്ക് ലോക്കറിലാണെന്നാണ് സംശയമുണ്ടായിരുന്നത്.

എന്നാല്‍ പരിശോധനയില്‍ വീട്ടിലും ലോക്കറിലും ആഭരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാല, വള, കമ്മല്‍, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്.

Exit mobile version