ഡ്രൈവര്‍ ചായകുടിക്കാനിറങ്ങി, പിന്നാലെ ലോറിയുമായി മുങ്ങി 40കാരന്‍, കുതിച്ചുപായുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ഇടുക്കി: ഡ്രൈവര്‍ ചായകുടിക്കാനിറങ്ങിയ സമയത്ത് ലോറിയുമായി മുങ്ങിയ 40കാരന്‍ പിടിയില്‍. മോഷ്ടിച്ച ലോറിയുമായി അമിതവേഗത്തില്‍ പായുന്നതിനിടെയുണ്ടായ അപകടമാണ് യുവാവിനെ വലയിലാക്കിയത്.

കൊയിലാണ്ടി സ്വദേശി നിമേഷ് വിജയനാണ് ആണ് പിടിയിലായത്. കുതിച്ചുപാഞ്ഞ ലോറി അരക്കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. അതിനിടെ ലോറിയെ പിന്തുടര്‍ന്ന് എത്തിയ പൊലീസ് നിമേഷിനെ പിടികൂടുകയായിരുന്നു.

ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് വ്യാഴാഴ്ച രാത്രി 12 മണിക്കാണ് സംഭവം. തമിഴ്നാട്ടില്‍ നിന്ന് തിരുവല്ലയിലേയ്ക്ക് ചോളത്തട്ടയുമായി പോവുകയായിരുന്നു ലോറി. കുട്ടിക്കാനത്തെത്തിയപ്പോള്‍ ചായ കുടിക്കാനായി ഹാന്‍ഡ് ബ്രേക്ക് ഇട്ട ശേഷം ലോറി നിര്‍ത്താതെ ഡ്രൈവര്‍ പുറത്തിറങ്ങി.

ഈ സമയത്ത് നിമേഷ് ലോറി ഓടിച്ചു പോവുകയായിരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ഐഎച്ച്ആര്‍ഡി കോളജിന് സമീപം ലോറി മറിഞ്ഞു കിടക്കുന്നതു കണ്ടെത്തിയത്.

സമീപത്ത് പരിശോധന നടത്തിയ പോലീസ് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന നിമേഷിനെയും പിടികൂടി.

Exit mobile version