സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം: അമ്മയോടൊപ്പം യാത്ര ചെയ്ത മൂന്നാം ക്ലാസുകാരി മരിച്ചു

കൊച്ചി: സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മൂന്നാം ക്ലാസുകാരി മരിച്ചു. അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അപകടം. പാമ്പാക്കുട അഡ്വഞ്ചര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആരാധ്യയാണ് മരിച്ചത്. പെരിയപ്പുറം കൊച്ചു മലയില്‍ അരുണ്‍-അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ.

കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡില്‍ ഉപ്പുകണ്ടം പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്. അമ്മ അശ്വതിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇളയ കുട്ടിയും വാഹനത്തില്‍ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

ആരാധ്യ പഠിക്കുന്ന പാമ്പാക്കുട അഡ്വഞ്ചര്‍ സ്‌കൂളിലെ അധ്യാപികയാണ് അമ്മ അശ്വതി. അച്ഛന്‍ അരുണ്‍ വിദേശത്താണ്. സ്‌കൂളിലെ ഡാന്‍സ് പ്രോഗ്രാമിന് ഡ്രസ്സ് എടുക്കാന്‍ കൂത്താട്ടുകുളത്തേക്ക് വന്നതായിരുന്നു ആരാധ്യ. അശ്വതിയുടെ സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ സൈഡ് ഭാഗം ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് തെറിച്ചുവീണ ആരാധ്യയുടെ മുകളിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങിയിരുന്നു.

Exit mobile version