മീൻ പിടിക്കാൻ പോയ 34കാരനെ കടലിൽ വീണ് കാണാതായി, തെരച്ചിൽ

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയ യുവാവിനെ ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായി.വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ ജസ്റ്റിൻ്റെ മകൻ പ്രസാദിനെയാണ് കാണാതായത്.

34 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം.പൂവാറിൽ നിന്ന് പതിനൊന്ന് നോട്ടിക്കൽ മൈൽ ഉൾക്കടലിലാണ് പ്രസാദ് വീണത്.

കുളച്ചൽ സ്വദേശി ഫ്രാങ്ക്ളിൻ്റെ യഹോവ ശാലോം എന്ന ട്രോളർ ബോട്ടിൽ തേങ്ങാപ്പട്ടണത്തിൽ നിന്ന് പ്രസാദടക്കമുള്ള പതിനാലംഗ സംഘം കൊച്ചിയിലേക്ക് മീൻ പിടിക്കാൻ പോകുന്നതിനിടെ ബോട്ടിൻ്റെ വശത്ത് പിടിച്ച് നിന്ന പ്രസാദ് തെറിച്ച് കടലിൽ വീഴുകയായിരുന്നു.

പൂവാർ , വിഴിഞ്ഞം തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും ബോട്ടുകാരും ഇന്നലെ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് വീണ്ടും തിരച്ചിൽ തുടരുകയാണ്.

Exit mobile version