ഡോ. വന്ദന ദാസിന്റെ സ്വപ്നം പൂര്‍ത്തിയാകുന്നു; മകളുടെ ഓര്‍മയ്ക്കായി ക്ലീനിക്ക് നിര്‍മ്മിച്ച് മാതാപിതാക്കള്‍

ആലപ്പുഴ: ഡോ. വന്ദന ദാസിന്റെ ഓര്‍മ്മയ്ക്കായി ക്ലിനിക്ക് പണിത് മാതാപിതാക്കള്‍. സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ചികിത്സ നല്‍കാനുള്ള ക്ലിനിക്ക് ഈ മാസം പത്തിന് ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കും.

തൃക്കുന്നപ്പുഴയിലെ പല്ലനയാറിന്റെ തീരത്തെ അമ്മവീടിനടുത്ത് ഒരു ആശുപത്രി വന്ദനയുടെ സ്വപ്നമായിരുന്നു. ജീവിച്ചിരുന്നെങ്കില്‍ മകള്‍ അത് സാധ്യമാക്കുമെന്ന് അവര്‍ക്ക് അത്രമേല്‍ ഉറപ്പുള്ളൊരിടത്ത് അവള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ ഡോ.വന്ദനാദാസ് മെമ്മോറിയല്‍ ക്ലിനിക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

വന്ദനയുടെ അമ്മ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക്ക് പണിതത്. സെപ്റ്റംബര്‍ പത്തിന് വന്ദനയുടെ പിറന്നാള്‍ ദിനത്തിലാണ് ക്ലിനികിന്റെ ഉദ്ഘാടനം. അധികം വൈകാതെ തന്നെ ചികിത്സയും ആരംഭിക്കും. സ്ഥിരമായി രണ്ട് ഡോക്ടര്‍ മാരുടെ സേവനം ഉണ്ടാകും. വന്ദനയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ക്ലിനിക്കില്‍ സേവനം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

2023 മെയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ച കുടവട്ടൂര്‍ സ്വദേശി സന്ദീപിന്റെ അക്രമണത്തിലാണ് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിയായിരുന്ന വന്ദന കൊല്ലപ്പെട്ടത്.

Exit mobile version