അറസ്റ്റിലായ വ്യാജ ഡോക്ടര്‍ 9 ആശുപത്രികളില്‍ ജോലി ചെയ്തു; വ്യാജഡോക്ടറെ കുടുക്കിയത് ഇങ്ങനെ…

കോഴിക്കോട്: അറസ്റ്റിലായ വ്യാജ ഡോക്ടര്‍ അബു എബ്രഹാം ലൂക്ക് ഒന്‍പത് ആശുപത്രികളില്‍ ജോലി ചെയ്തിരുന്നതായി വിവരം. ഇയാളുടെ ചികിത്സയില്‍ രോഗികള്‍ക്ക് വലിയ മതിപ്പുണ്ടായിരുന്നുവെന്നും ഇയാളെ തേടി പതിവായി രോഗികള്‍ വന്നിരുന്നതായും വിവരമുണ്ട്.

സെമസ്റ്റര്‍ പരീക്ഷ തോറ്റതോടെ അബു എബ്രഹാം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല. സമാന പേരുള്ള മറ്റൊരാളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു അബു എബ്രഹാം ചികിത്സ തുടങ്ങിയത്. ആര്‍എംഒ ഒഴിവിലേക്ക് ഡോക്ടര്‍മാരെ നിയമിക്കാന്‍ ആശുപത്രി അധികൃതര്‍ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ അബു പി സേവ്യര്‍ എന്ന പേരായിരുന്നു ലഭിച്ചത്. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ തനിക്ക് രണ്ട് പേരുണ്ടെന്നായിരുന്നു ഇയാള്‍ നല്‍കിയ വിശദീകരണം.

അതേസമയം, ഇയാള്‍ വ്യാജനാണെന്ന് തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാറിന്റെ മരുമകളും അബു എബ്രഹാമിന്റെ സഹപാഠിയുമായ മാളവികയാണ്.

തിരുവല്ല സ്വദേശിയായ അബു എബ്രഹാം ജോലി നോക്കിയിരുന്ന കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് വിനോദ് കുമാര്‍ മരിക്കുന്നത്. നെഞ്ചുവേദനയും ചുമയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദ് കുമാറിന് ചികിത്സ ലഭിച്ചിരുന്നില്ല.

ഇതിന് പിന്നാലെയാണ് അബു എബ്രഹാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിനോദിന്റെ മകനും ഡോക്ടറുമായ അശ്വിനും മരുമകള്‍ മാളവികയും നടത്തിയ ഇടപെടലാണ് അബു എബ്രഹാം എന്ന വ്യാജ ഡോക്ടറെ കുടുക്കിയത്.

വിനോദ് കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാളവികയും മറ്റ് ബന്ധുക്കളും ചേര്‍ന്ന് അദ്ദേഹത്തെ അബു എബ്രഹാം ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍വെച്ച് അബു എബ്രഹാം എന്ന പേര് കണ്ടതോടെ മാളവികയക്ക് സീനിയറായി പഠിച്ച അബു എബ്രഹാം തന്നെയാണോ ഇതെന്ന സംശയം തോന്നി. അന്വേഷണത്തില്‍ അയാള്‍ തന്നെയാണ് ഇതെന്ന് വ്യക്തമായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണവും അറസ്റ്റും.

Exit mobile version