കൊച്ചി: ഇടിമിന്നലേറ്റ് ഒരു വീട്ടിലെ മൂന്ന് പേർക്ക് പൊള്ളലേറ്റു. അങ്കമാലിയിലാണ് സംഭവം. എടത്തോട് ചിറയപറമ്പിൽ വീട്ടിൽ ഷൈജൻ(48) മകൻ ഷാൻ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവർക്കാണ് പൊള്ളലേറ്റത്.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മൂവർക്കും വീട്ടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.
അപകടത്തിൽ ഷൈജനും ഷാനിനും ചെറിയ രീതിയിലാണ് പൊള്ളലേറ്റത്. എന്നാൽ സോനക്ക് കാര്യമായി പൊള്ളലേറ്റു. സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
അതേസമയം, ഇവരുടെ രണ്ട് കുഞ്ഞുങ്ങൾ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഇടിമിന്നലേറ്റ് വീട്ടിലെ ഗൃഹോപകരണങ്ങൾക്കും കനത്ത നഷ്ടം സംഭവിച്ചു. ഫ്രിഡ്ജ്, മൂന്ന് ഫാൻ, സ്റ്റെബിലൈസർ എന്നിവയാണ് നശിച്ചത്. മെയിൻ സ്വിച്ചിന് തീ പിടിക്കുകയും ചെയ്തു.
Discussion about this post