കൊല്‍ക്കത്ത: പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. പറമ്പില്‍ നിന്ന് പശുവിനെ തിരികെ കൊണ്ടുവരുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലാണ് സംഭവം.
പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകന്‍ മിഥുന്‍ (30), ചെറുമകന്‍ സുമന്‍ (2) എന്നിവരാണ് മരിച്ചത്. മിഥുന്‍ പറമ്പില്‍ നിന്ന് പശുവിനെ തൊഴുത്തിലേക്ക് കൊണ്ടുവരികയായിരുന്നു. വഴിയില്‍ നിറയെ വെള്ളം നിറഞ്ഞിരുന്നു. വൈദ്യുതലൈന്‍ പൊട്ടി വീണതറിഞ്ഞിരുന്നില്ല. വെള്ളത്തിലാണ്ടുപോയ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മിഥുന് ഷോക്കേല്‍ക്കുകയായിരുന്നു.
മിഥുന്‍ നിലവിളിക്കുന്നത് കേട്ട് പരേഷും ദീപാലിയും സുമനെയുമെടുത്ത് ഓടിവരികയായിരുന്നു. ഉടന്‍ തന്നെ എല്ലാവര്‍ക്കും ഷോക്കേറ്റു. സംഭവം നടക്കുമ്പോള്‍ മിഥുന്റെ ഭാര്യ വീട്ടിലില്ലായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ വിവരം പോലീസിനെയും അഗ്‌നിശമനസേനയെയും അറിയിച്ചു.