കാണാതായ വിദ്യാര്‍ത്ഥികള്‍ കായലിൽ മരിച്ച നിലയിൽ, സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍. പൂയപ്പിള്ളിയിലാണ് സംഭവം. മയിലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബീന്‍ഷാ എന്നിവരെയാണ് ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ പോയ ദേവനന്ദയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഷെബിന്‍ഷായെയും കാണാതായതായി വിവരം അറിയുന്നത്.

തുടര്‍ന്ന് പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു.
കഴിഞ്ഞ ദിവസം മുഴുവൻ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. അതിനിടെ ഇന്ന് ശാസ്താംകോട്ട തടാകത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇരുവരുടെയും മൃതദേഹം തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മൃതദേഹങ്ങള്‍ കരക്കെത്തിച്ചു.പോസ്‌റ്റ്മോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Exit mobile version