കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടങ്ങും.
ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ എടുക്കും. ഇതിൻ്റെ ഫലം വന്നാലുടന്‍ എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അർജുൻ്റെ മൃതദേഹം ഗംഗാവലി പുഴയിൽ നിന്നും കണ്ടെടുത്തത്. നിലവിൽ അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം അരജുൻ്റെ ലോറി പൂര്‍ണമായി കരയിലെത്തിക്കാനുള്ള ശ്രമം രാവിലെ തന്നെ ആരംഭിക്കും. ഇന്നലെ ക്രെയിന്‍ ഉപയോഗിച്ച് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ലോറി പൂര്‍ണമായും കരയിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.