ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് തണലായി ബോബി ചെമ്മണ്ണൂര്‍, വീടുവെയ്ക്കാന്‍ നല്‍കിയ 10 ലക്ഷം കൈമാറി ടി സിദ്ദിഖ് എംഎല്‍എ

jenson|bignewslive

വയനാട്: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും കിടപ്പാടവും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് തണലായി വ്യവസായി ബോബി ചെമ്മണ്ണൂര്‍. വീടൊരുക്കാനായി ബോബി ചെമ്മണ്ണൂര്‍ നല്‍കിയ പത്ത് ലക്ഷം രൂപ എംഎല്‍എ ടി സിദ്ദിഖ് ശ്രുതിക്ക് കൈമാറി.

ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ആവശ്യം ഉന്നയിക്കുമെന്നും എംഎല്‍എ പറഞ്ഞു. ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ ചൂരല്‍മലയിലായിരുന്നു ശ്രുതിയുടെ കുടുംബം താമസിച്ചിരുന്നത്.

പുതിയ വീടിന്റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കുമ്പോഴാണ് ദുരന്തമുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. വീടും പൂര്‍ണമായി തകര്‍ന്നു. ഇതിന് ശേഷം ശ്രുതിക്ക് ആകെയുണ്ടായിരുന്നത് ജെന്‍സന്‍ മാത്രമായിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ വാഹനാപകടം ജെന്‍സന്റെ ജീവനും തട്ടിയെടുത്തു. വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുമ്പോഴാണ് ശ്രുതിയെ തേടി ബോബി ചെമ്മണ്ണൂരിന്റെ സഹായം എത്തുന്നത്.

ജെന്‍സന്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീട് വച്ചുനല്‍കുമെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ വാഗ്ദാനം. തുടര്‍ന്ന് ശ്രുതിയുടെ ആവശ്യം പോലെ കല്‍പ്പറ്റയില്‍ തന്നെ വീട് വയ്ക്കാനുള്ള തുക അദ്ദേഹം എംഎല്‍എയ്ക്ക് കൈമാറുകയായിരുന്നു.

Exit mobile version