തിരുവനന്തപുരം: എംപോക്‌സ് രോഗ ലക്ഷണം ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുന്നറിയിപ്പുമായി അധികൃതര്‍. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ അനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ തുടങ്ങിയ സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫീല്‍ഡ് തല നിരീക്ഷണ സംവിധാനങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
എംപോക്‌സ് രോഗലക്ഷണങ്ങള്‍
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിന് പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടും.
രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരുമ്പോഴും, സ്പര്‍ശനം, ലൈംഗികബന്ധം എന്നിവയിലൂടെയും രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം, പാത്രങ്ങള്‍, മൊബൈല്‍ തുടങ്ങിയവ പങ്കിടുന്നതിലൂടെയും എംപോക്സ് പകരും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ : 104, 1056, 0471 2552056
കണ്‍ട്രോള്‍ റൂം (ഡിഎംഒ ഓഫീസ്) : 9072055900