തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന് സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് പോലീസ് വ്യക്തമാക്കി. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ് തീരുമാനം.
101 ഡി നമ്പര്‍ മുറിയില്‍ വെച്ചാണ് പീഡനമെന്നായിരുന്നു യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഗ്ലാസ് ജനലിലിലെ കര്ട്ടന് മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിംഗ് പൂള് കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘത്തിന് ഇക്കാര്യം സ്ഥരീകരിക്കാനായി.
അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില്‍ എത്തിച്ചതെന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27ന് രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ദീഖ് പിറ്റേന്ന് വൈകിട്ട് 5 മണിവരെ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞു. ചോറും മീന്‍ കറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെയ്ക്കുന്ന ഹോട്ടല്‍ ബിലും അന്വേഷണ സംഘം കണ്ടെത്തി.
പീഡനം നടന്ന് ഒരുവര്‍ഷത്തിന് ശേഷം കാട്ടാക്കടയിലുള്ള ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുഹൃത്ത് ഇക്കാര്യം ശരിവെച്ചു. ഇതിന് പുറമേയാണ് സ്വതന്ത്രമായ സാക്ഷി മൊഴികളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചത്.
സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതോടൊപ്പം മസ്ക്കറ്റ് ഹോട്ടലിലെത്തിയപ്പോള്‍ യുവതി ഒപ്പിട്ട പഴയ സന്ദര്‍ശക രജിസ്റ്റര്‍ കണ്ടെത്താന്‍ പരിശോധന തുടരുകയാണ്.