വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബക്കാരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ആശുപത്രി വിട്ടു. സെപ്റ്റംബര്‍ പത്തിനാണ് വാഹനാപകടം ഉണ്ടായത്.
വാഹനാപകടത്തില്‍ ശ്രുതിക്ക് ഇരുകാലുകള്‍ക്കും പരിക്കേറ്റിരുന്നു. തുടരെയുണ്ടായ ദുരന്തവും പരിക്കും തീര്‍ത്ത മാനസിക ആഘാതത്തില്‍ നിന്ന് കൂടിയാണ് അത്ഭുതകരമായ മനസ്സാന്നിധ്യത്തോടെ ശ്രുതി ജീവിതത്തിലേക്ക് തിരികെ വരുന്നത്.
ആദ്യം അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ അടുത്ത കുടുംബാഗങ്ങളായ ഒന്‍പത് പേരെ ഉരുളെടുത്തു. വീടും സമ്പാദ്യവുമെല്ലാം നഷ്ടമായ ശ്രുതിയെ ചേര്‍ത്ത് നിര്‍ത്തിയത് പ്രതിശ്രുത വരനായ ജെന്‍സണാണ്. പക്ഷെ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോള്‍ ഉണ്ടായ ഒരു വാഹനാപകടത്തില്‍ ജെന്‍സണെയും ശ്രുതിക്ക് നഷ്ടമായി. ആ അപകടത്തില്‍ ശ്രുതിക്ക് ഇരു കാലുകള്‍ക്കും പരിക്കേറ്റു.
അതേസമയം, ശ്രുതി ഒറ്റയ്ക്കാവില്ലെന്നും സഹോദരനായി എന്നും കൂടെയുണ്ടാവുമെന്നും ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. ഇനി തന്റെ അച്ഛനും അമ്മയും സഹോദരനുമെല്ലാം സിദ്ദിഖിക്കയാണെന്ന് ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കൊരു കുറവും വരുത്താതെ എല്ലാം നല്ലതുപോലെ നോക്കിയെന്നും സഹോദരനെ പോലെയാണ് ടി സിദ്ദിഖ് കൂടെ നിന്നതെന്നും ശ്രുതി പറഞ്ഞു.
Discussion about this post