മലപ്പുറം: അരീക്കോട് കുറ്റൂളി കുഞ്ഞന്‍ പടിയില്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു നിന്നു. പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മുക്കത്ത് നിന്നും അരീക്കോട്ടേക്ക് വരികയായിരുന്ന ‘ബ്ലസിങ്’ എന്ന സ്വകാര്യ ബസിന്റെ ടയറാണ് പൊട്ടിയത്. ഇന്നലെ ഉച്ചക്ക് 1.30 ഓടു കൂടിയാണ് സംഭവം.
ഇതോടെ ബസിന് നിയന്ത്രണം നഷ്ടമായി. ബസ് റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനില്‍ ഇടിച്ചു. പിക്കപ്പ് വാന്‍ പിന്നോട്ട് നീങ്ങി ഓട്ടോയിലും സ്കൂട്ടിയിലും ഇടിച്ചു. ടയര്‍ പൊട്ടി എതിര് ദിശയില്‍ 100 മീറ്ററിലേറെ നീങ്ങിയ ബസിന്റെ ടയര്‍ ഉരുകി തീര്‍ന്ന നിലയിലായിരുന്നു.
പിക്കപ്പ് വാനിലും ഓട്ടോയിലും ഉള്ളവര്‍ സമീപത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി പോയിരുന്നതിനാല്‍ അപകടം ഒഴിവായി. ഉച്ചസമയം ആയതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായതു കൊണ്ടും വന്‍ ദുരന്തം ഒഴിവായി.
Discussion about this post