ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നു. തെരച്ചില്‍ നടത്താന്‍ ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് ഉച്ചക്ക് ശേഷം കാര്‍വാര്‍ തുറമുഖത്തെത്തുമെന്നാണ് വിവരം.
നിലവില്‍ കാര്‍വാറിലേക്ക് ഡ്രഡ്ജര്‍ എത്തിക്കാന്‍ കാറ്റ് അടക്കമുള്ള തടസ്സങ്ങള്‍ ഇല്ല. മത്സ്യത്തൊഴിലാളികള്‍ കടലില്‍ വല വിരിച്ചത് മൂലമുള്ള ചെറിയ തടസ്സം മാത്രമാണുള്ളതെന്നും അത് മാറാന്‍ കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്. അതേസമയം, ഷിരൂരിലേക്ക് ടഗ് ബോട്ട് എത്തിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ഉണ്ടാകും. ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടായിരിക്കും തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുക.