മൈനാഗപ്പള്ളി വാഹനാപകടം: അജ്മലും ഡോ. ശ്രീക്കുട്ടിയും അറസ്റ്റില്‍; ഇരുവര്‍ക്കുമെതിരെ ചുമത്തിയത് നരഹത്യാക്കുറ്റം

കൊല്ലം: മൈനാഗപ്പളളിയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ച സംഭവത്തില്‍ പ്രതികളായ കരുനാഗപ്പളളി സ്വദേശി അജ്മലിന്റെയും നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവര്‍ക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തി.

ഇന്നലെയുണ്ടായ അപകടത്തില്‍ ഡോ. ശ്രീക്കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ ഓടിച്ച അജ്മല്‍ ഒളിവിലായിരുന്നു. ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. ഇന്നലെയാണ് അജ്മല്‍ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു.

Exit mobile version