കോളേജിലെ ഓണാഘോഷത്തിനിടെ തലകറങ്ങി വീണു, അധ്യാപകന് ദാരുണാന്ത്യം

death|bignewslive

കൊച്ചി: കോളേജിലെ ഓണാഘോഷത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. തേവര എസ് എച്ച് കോളേജിലെ കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജെയിംസ് വി ജോര്‍ജ് ആണ് മരിച്ചത്.

മുപ്പത്തിയെട്ട് വയസ്സായിരുന്നു. കോളേജിലെ അധ്യാപകരുടെ ഓണാഘോഷത്തിലെ വടം വലി മത്സരത്തില്‍ പങ്കെടുത്ത ഉടനെ ജെയിംസ് തല കറങ്ങി വീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോളേജിന്റെ ഈ അക്കാഡമിക് വര്‍ഷത്തിലെ സ്റ്റാഫ് സെക്രട്ടറികൂടി ആയിരുന്നു ജോര്‍ജ്. തൊടുപുഴ കല്ലാര്‍ക്കാട് പഞ്ചായത്ത് നാഗപ്പുഴയില്‍ വെട്ടുപാറക്കല്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെയും മേരിയുടെയും മകനാണ് ജോര്‍ജ്. ഭാര്യ സോന ജോര്‍ജ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. ജിനു വി ജോര്‍ജ് ആണ് സഹോദരന്‍.

Exit mobile version