കൊച്ചി: മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്കി. മിഷേലിന്റെ പിതാവാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
2017 മാര്‍ച്ച് അഞ്ചിനാണ് സംഭവം നടക്കുന്നത്.
കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയെ കാണാതാവുന്നത് മാര്‍ച്ച് 5നാണ്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. കാണാതായ ദിവസം വൈകുന്നേരം മിഷേല്‍ കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പിറ്റേന്ന് വൈകുന്നേരം കൊച്ചി കായലിലാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ മിഷേലിന്റെ മരണം ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്.
എങ്കില്‍ ദേഹത്ത് കണ്ട പാടുകളും എഫ്ഐആറിലെ പൊരുത്തക്കേടുകളും എങ്ങനെ ഉണ്ടായെന്നാണ് പിതാവ് ഷാജി വര്‍ഗീസ് ചോദിക്കുന്നത്. മിഷേലിന്റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ശരിയായ അന്വേഷണം നടന്നില്ലെന്നാണ് പരാതി. മിഷേല്‍ പള്ളിയിലുള്ള സമയം സിസിടിവിയില്‍ വ്യക്തമായിട്ടും ഏഴ് മണിക്ക് ശേഷമാണ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതെന്ന് എഫ്ഐആറില്‍ എഴുതിപ്പിടിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് കുടുംബം പറയുന്നു.
Discussion about this post