കൊല്ലം: കരുനാഗപ്പള്ളിയില്‍ ക്ഷേത്രത്തിനുള്ളില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. പാലമേല്‍ സ്വദേശി ത്രിജിത്ത് ആണ് പിടിയിലായത്. ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച ഓട്ടുപാത്രങ്ങള്‍ വിറ്റ ആക്രികടയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ജൂലൈ 30 ന് പുലര്‍ച്ചെയാണ് തൊടിയൂര്‍ അമ്പിരേത്ത് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്.
ക്ഷേത്ര തിടപ്പള്ളിയില്‍ പൂട്ടി സൂക്ഷിച്ചിരുന്ന അഞ്ച് ഓട്ടുരുളികളും ആറ് നിലവിളക്കുകളും 12,000 രൂപയും മോഷ്ടിച്ചു. ക്ഷേത്ര ഭാരവാഹികള്‍ കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് മോഷ്ടിച്ച സാധനങ്ങള്‍ പ്രതി വില്ക്കാന് സാധ്യതയുണ്ടെന്ന നിഗമനത്തിന്റെറെ അടിസ്ഥാനത്തില്‍ ആക്രി കടകള്‍ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
ഇതിനിടെ ശൂരനാടുള്ള ആക്രികടയില്‍ ഓട്ടുപാത്രങ്ങള്‍ പ്രതി വിറ്റെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കട ഉടമയില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ത്രിജിത്തിലേക്ക് എത്തിച്ചത്. ഒടുവില്‍ രഹസ്യ നീക്കത്തിലൂടെയാണ് ത്രിജിത്തിനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post