ഗുണദോഷിച്ചത് ഇഷ്ടമായില്ല, അയല്‍വാസിയെയും ബന്ധുവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച 23കാരന്‍ അറസ്റ്റില്‍

ഹരിപ്പാട്: ഗുണദോഷിച്ചത് ഇഷ്ടമാവാത്തതിനെ തുടര്‍ന്ന് അയല്‍വാസിയെയും ബന്ധുവിനേയും വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് ജ്യോതി നിവാസില്‍ ജ്യോതിഷിനെയാണ് (23) തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി 9:30 യോടെ ആയിരുന്നു സംഭവം. ജ്യോതിഷിന്റെ അയല്‍വാസിയായ ഷാജിമോന്‍ (49), ബന്ധുവായ ഉണ്ണി എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വെട്ടുകത്തിയും പിച്ചാത്തിയും കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ കലഹമുണ്ടാക്കാറുള്ള ജ്യോതിഷിനെ ഷാജിമോന്‍ ഗുണദോഷിക്കുമായിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version