കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അമ്പലവയല്‍ ആണ്ടൂരില്‍ ജെന്‍സന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.
കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന വാഹനാപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇന്നലെ രാത്രിയാണ് ലോകത്തോട് വിടപറഞ്ഞത്. ഇരുവരുടെയും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് അപകടം ജെന്‍സന്റെ ജീവനെടുത്തത്. ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിക്ക് അടച്ചുറപ്പുള്ള വീടാണ് ഇനി തന്റെ സ്വപ്നമെന്ന് പറഞ്ഞ് പെണ്‍കുട്ടിക്ക് ഒപ്പം നിന്ന യുവാവിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാതെയുള്ള മരണം.
ശ്രുതിയുടെ ബന്ധുക്കള്‍ മരിച്ച് 41 ദിവസത്തിന് ശേഷം വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനിരുന്നതായിരുന്നു കുടുംബം. ഇതിനിടെ ബന്ധുക്കള്‍ക്കൊപ്പം കോഴിക്കോട് കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് മരണം അപകടം സംഭവിച്ചത്.
ഡ്രൈവിങ് സീറ്റിലായിരുന്ന ജെന്സന് തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം അനിയന്ത്രിതമായ നിലയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയ ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. എന്നാല്‍ ശ്രുതിയുടെയും കേരളത്തിന്റെയാകെയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കി രാത്രി യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.