ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദമായി ശക്തി കുറഞ്ഞ് കിഴക്കന്‍ മധ്യപ്രദേശിന് മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും നാളെ മധ്യപ്രദേശിനും ഉത്തര്‍പ്രദേശിനും മുകളിലെത്തി വീണ്ടും തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ് ഉള്ളത്.
ഇതിന്റെ പശ്ചാത്തലത്തില്‍ നാല് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, കിഴക്കന്‍ രാജസ്ഥാന് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. അതിതീവ്രമഴയാണ് പ്രവചിച്ചിട്ടുള്ളത്.
മധ്യപ്രദേശില്‍ പതിനാലാം തീയതി വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പ്രളയ സാധ്യതയും വെള്ളക്കെട്ടും മുന്നില്‍കണ്ട് അവശ്യാമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
കേരളത്തിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Discussion about this post