വയനാട്ടില്‍ വാഹനാപകടം: ബസും വാനും കൂട്ടിയിടിച്ചു, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട ശ്രുതിയും ജെന്‍സണുമുള്‍പ്പെടെ 9 പേര്‍ക്ക് പരിക്ക്

വയനാട്: കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസ്സും വാനും കൂട്ടിയിടിച്ചു 9 പേര്‍ക്ക് പരിക്ക്. സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട ശ്രുതിയും ജെന്‍സണുമാണ് വാനില്‍ സഞ്ചരിച്ചിരുന്നത്. ഇവരുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ ജെന്‍സണെ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരെയാണ് മലവെള്ളം കൊണ്ടുപോയത്. അനിയത്തി ശ്രേയയുടെ മൃത​ദേഹം മാത്രമാണ് ശ്രുതിക്ക് തിരിച്ചുകിട്ടിയത്. കല്പറ്റ എൻഎംഎസ്എം ഗവ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു സഹോദരി ശ്രേയ. ബന്ധു വീട്ടിലായതിനാൽ മാത്രമാണ് ഉരുൾപൊട്ടലിൽ നിന്ന് ശ്രുതി രക്ഷപ്പെട്ടത്.

ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. അതിന് വേണ്ടി നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടി വെച്ചിരുന്നു. അതും മണ്ണിൽ നഷ്ടപ്പെട്ടു. പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രുതിയും ജൻസനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. പക്ഷേ അപ്രതീക്ഷിതമായാണ് ഉരുൾപൊട്ടൽ ഉണ്ടാവുന്നതും മാതാതപിാക്കളും സഹോദരിയും നഷ്ടപ്പെടുന്നതും.

Exit mobile version