വിവാഹത്തിന് മൂന്നു ദിവസം മുമ്പ് മലപ്പുറത്ത് നിന്നും കാണാതായ യുവാവ് ഊട്ടിയില്‍, കണ്ടെത്തിയതായി പോലീസ്

vishnujith|bignewslive

പാലക്കാട്: വിവാഹത്തിന് മൂന്നു ദിവസം മുമ്പ് മലപ്പുറത്ത് നിന്നും കാണാതായ യുവാവിനെ കണ്ടെത്തി. മലപ്പുറം പള്ളിപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്.

ആറു ദിവസം നീണ്ട തിരിച്ചിലിനൊടുവിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്.വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞായിരുന്നു വിഷ്ണുജിത്ത് വീടുവിട്ടിറങ്ങിയത്.

കഞ്ചിക്കോട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് വിഷ്ണുജിത്ത് ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും മടങ്ങിയ വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടി സ്റ്റാന്‍ഡിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മേട്ടുപ്പാളയം വഴി വിഷ്ണുജിത്ത് ഊട്ടിയിലെത്തിയെന്നാണ് കരുതപ്പെടുന്നത്.

വിഷ്ണുജിത്തിനെ കണ്ടെത്താനായി മലപ്പുറം എസ്പി രണ്ടംഗ സംഘത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിക്ക് സഹോദരി വിളിച്ചപ്പോള്‍ വിഷ്ണുജിത്തിന്റെ ഫോണ്‍ ഓണ്‍ ആയിരുന്നു. എന്നാല്‍ മറുതലയ്ക്കല്‍ നിന്നും പ്രതികരണമുണ്ടായില്ല.

പിന്നീട് ഫോണ്‍ കട്ടായെന്നും സഹോദരി പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഫോണ്‍ ലൊക്കേഷന്‍ ഊട്ടി കുനൂരിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കണ്ടെത്തുന്നത്. വിഷ്ണുജിത്തിനെ കണ്ടെത്തിയതായും, പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളതായും മലപ്പുറം എസ്പി ശശിധരന്‍ അറിയിച്ചു.

Exit mobile version