കൊച്ചി: ഇന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും. ഹര്‍ജികള്‍ ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക.
ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങ് ആണ് ഇന്നു നടക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
ഈ ഹര്‍ജിയും റിപ്പോര്‍ട്ടില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വനിതാ അഭിഭാഷകരായ എ ജന്നത്ത്, അമൃത പ്രേംജിത്ത് എന്നിവര്‍ നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി, ടി പി നന്ദകുമാര്‍, മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി എന്നിവര്‍ നല്‍കിയ ഹര്‍ജികളും പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും.
നടി രഞ്ജിനി ഹര്‍ജികളില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ലൈംഗിക അതിക്രമം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയും പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും.