കൂത്താട്ടുകുളത്ത് വാഹനാപകടം; ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, 35 പേര്‍ക്ക് പരിക്ക്

കൊച്ചി: എം.സി. റോഡില്‍ കൂത്താട്ടുകുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കെ.എസ്.ആര്‍.ടി.സി, ടിപ്പര്‍ എന്നിവയുള്‍പ്പെടെയുള്ള ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു.

കൂത്താട്ടുകുളം വി സിനിമ തിയേറ്ററിന് സമീപം വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു അപകടം. റോഡിനു മധ്യഭാഗത്തായി നിര്‍ത്തിയ ജീപ്പിന് പിന്നില്‍ പിക്കപ്പ് വാനും പിന്നാലെ ടിപ്പര്‍ ലോറിയും ട്രാവലറും കെഎസ്ആര്‍ടിസി ബസ്സും ഇടിച്ചു. കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നില്‍ ഒരു കാറും തട്ടി.

ബസിലും ട്രാവലറിലും കാറിലും ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരാണ് പരിക്കേറ്റവരില്‍ അധികവും. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഒരു യുവതിയെ ഇതൊക്കെ ചികിത്സയ്ക്കായി കോട്ടയത്തേക്ക് മാറ്റി.

അപകടത്തെത്തുടര്‍ന്ന് എം സി റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കൂത്താട്ടുകുളം അഗ്‌നിരക്ഷാ സേനയും പോലീസും ചേര്‍ന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Exit mobile version