തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ വെള്ളയും നീലയും കാര്‍ഡ് ഉടമകളായ 52 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി അധികമായി നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. വിപണിയില്‍ 55-60 രൂപ വിലയുള്ള ചമ്പാവരി അരിയാണ് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്നത്.
ബിപിഎല്‍ കാര്‍ഡുകാര്‍ക്കുള്ള 30 കിലോ അരിയില്‍ അമ്പത് ശതമാനം ചമ്പാവരി അരി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യും.
ഇത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജിഎച്ച്എസ്എസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.