തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത, ഓണത്തോടനുബന്ധിച്ച് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇതേ തുടര്‍ന്ന് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്തയായി 1000 രൂപ വീതം ലഭിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 56.91 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം100 പ്രവൃത്തിദിനം പൂര്‍ത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത അനുവദിച്ചത്. അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും ഓണത്തോടനുബന്ധിച്ച് 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5929 തൊഴിലാളികള്‍ക്കാണ് ബത്ത ലഭിക്കുന്നത്.

കയര്‍ സ്ഥാപനങ്ങള്‍ക്ക് വിപണി വികസന ഗ്രാന്റ് 19 കോടി അനുവദിച്ചു.
സര്‍ക്കാര്‍, സഹകരണ കയര്‍ ഉല്‍പന്ന സ്ഥാപനങ്ങള്‍ക്ക് വിപണി വികസന ഗ്രാന്റിനത്തില്‍ 10 കോടി രൂപയാണ് അനുവദിച്ചത്. കയര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിങ്സ് സംഘങ്ങള്‍, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ്, സംസ്ഥാന കയര്‍ കോര്‍പറേഷന്‍, കയര്‍ഫെഡ് എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ഇവയുടെ തൊഴിലാളികള്‍ക്ക് ഓണക്കാല ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ ഗ്രാന്റ് സഹായിക്കും. വിപണി വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ സഹായം ആറുവര്‍ഷമായി മുടങ്ങിയ സാഹചര്യത്തിലാണ് സംസ്ഥാനം ഓണക്കാല സഹായം ഉറപ്പാക്കുന്നത്.

അതുപോലെ പൂട്ടികിടക്കുന്ന സ്വകാര്യ കയര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കാണ് എക്സ്ഗ്രേഷ്യ 2000 രൂപ ലഭിക്കുക. 10,732 തൊഴിലാളികള്‍ക്ക് സഹായം ലഭിക്കും. ഇതിനായി 2.15 കോടി രൂപ അനുവദിച്ചു. 100 ക്വിന്റലിന് താഴെ കയര്‍ പിരിച്ചിരുന്ന പുട്ടിപ്പോയ സംഘങ്ങളിലെ തൊഴിലാളികള്‍ക്കാണ് ഓണക്കാല സഹായത്തിന് അര്‍ഹത.

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് പ്രതിഫലം നല്‍കാനായി 19.81 കോടി രുപ അനുവദിച്ചു. ഒമ്പതിനായിരത്തോളം ഏജന്റുമാര്‍ക്കാണ് ഒരു ഗഡു പ്രതിഫലം ലഭിക്കുന്നത്.

പരമ്പരാഗത കയര്‍ ഉല്‍പന്നങ്ങള്‍ ശേഖരിച്ചതിന്റെ വില വിതരണം ചെയ്യാനായി സംസ്ഥാന കയര്‍ കോര്‍പറേഷന് സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചു. ചെറുകിട കയര്‍ സംഘങ്ങളില്‍നിന്ന് ശേഖരിച്ച പരമ്പരാഗത ഉല്‍പന്നങ്ങളുടെ വില നല്‍കാന്‍ തുക വിനിയോഗിക്കും. ചെറുകിട സംഘങ്ങളുടെ ബോണസ് വിതരണത്തിന് ഇത് സഹായമാകും.

ഓണത്തോടനുബന്ധിച്ച് കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി 30 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍, എയഡഡ് പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം നെയ്തു നല്‍കിയ കൈത്തറി തൊഴിലാളികള്‍ക്ക് കൂലി വിതരണത്തിനായാണ് തുക ലഭ്യമാക്കിയത്. അങ്കണവാടി സേവനങ്ങള്‍ക്കായി 87.13 കോടി അനുവദിച്ചു. പൊതു, പട്ടിക വിഭാഗ സേവനങ്ങള്‍ക്കായാണ് തുക ലഭ്യമാക്കിയത്.

Exit mobile version